Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
1 Samuel 8
8 / 31
1
ശമൂവേൽ വൃദ്ധനായപ്പോൾ തന്റെ പുത്രന്മാരെ യിസ്രായേലിന്നു ന്യായാധിപന്മാരാക്കി.
2
അവന്റെ ആദ്യജാതന്നു യോവേൽ എന്നും രണ്ടാമത്തവന്നു അബീയാവു എന്നും പേർ. അവർ ബേർ-ശേബയിൽ ന്യായപാലനം ചെയ്തുപോന്നു.
3
അവന്റെ പുത്രന്മാർ അവന്റെ വഴിയിൽ നടക്കാതെ ദുരാഗ്രഹികളായി കൈക്കൂലി വാങ്ങി ന്യായം മറിച്ചുവന്നു.
4
ആകയാൽ യിസ്രായേൽമൂപ്പന്മാർ എല്ലാവരും ഒന്നിച്ചുകൂടി, രാമയിൽ ശമൂവേലിന്റെ അടുക്കൽ വന്നു, അവനോടു:
5
നീ വൃദ്ധനായിരിക്കുന്നു; നിന്റെ പുത്രന്മാർ നിന്റെ വഴിയിൽ നടക്കുന്നില്ല; ആകയാൽ സകല ജാതികൾക്കുമുള്ളതുപോലെ ഞങ്ങളെ ഭരിക്കേണ്ടതിന്നു ഞങ്ങൾക്കു ഒരു രാജാവിനെ നിയമിച്ചുതരേണമെന്നു പറഞ്ഞു.
6
ഞങ്ങളെ ഭരിക്കേണ്ടതിന്നു രാജാവിനെ തരേണമെന്നു അവർ പറഞ്ഞ കാൎയ്യം ശമൂവേലിന്നു അനിഷ്ടമായി. ശമൂവേൽ യഹോവയോടു പ്രാൎത്ഥിച്ചു.
7
യഹോവ ശമൂവേലിനോടു അരുളിച്ചെയ്തതെന്തെന്നാൽ: ജനം നിന്നോടു പറയുന്ന സകലത്തിലും അവരുടെ അപേക്ഷ കേൾക്ക; അവർ നിന്നെയല്ല, ഞാൻ അവരെ ഭരിക്കാതവണ്ണം എന്നെയാകുന്നു ത്യജിച്ചിരിക്കുന്നതു.
8
ഞാൻ അവരെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ച നാൾമുതൽ ഇന്നുവരെ അവർ എന്നെ ഉപേക്ഷിച്ചും അന്യദൈവങ്ങളെ സേവിച്ചുംകൊണ്ടു എന്നോടു ചെയ്തതുപോലെ നിന്നോടും ചെയ്യുന്നു.
9
ആകയാൽ അവരുടെ അപേക്ഷ കേൾക്ക; എങ്കിലും അവരോടു ഘനമായി സാക്ഷീകരിച്ചു അവരെ വാഴുവാനിരിക്കുന്ന രാജാവിന്റെ ന്യായം അവരോടു അറിയിക്കേണം.
10
അങ്ങനെ രാജാവിന്നായി അപേക്ഷിച്ച ജനത്തോടു ശമൂവേൽ യഹോവയുടെ വചനങ്ങളെ എല്ലാം അറിയിച്ചു പറഞ്ഞതെന്തെന്നാൽ:
11
നിങ്ങളെ വാഴുവാനിരിക്കുന്ന രാജാവിന്റെ ന്യായം ഇതായിരിക്കും: അവൻ നിങ്ങളുടെ പുത്രന്മാരെ തനിക്കു തേരാളികളും കുതിരച്ചേവകരും ആക്കും; അവന്റെ രഥങ്ങൾക്കു മുമ്പെ അവർ ഓടേണ്ടിയും വരും.
12
അവൻ അവരെ ആയിരത്തിന്നും അമ്പതിന്നും അധിപന്മാരാക്കും; തന്റെ നിലം കൃഷി ചെയ്‌വാനും തന്റെ വിള കൊയ്‌വാനും തന്റെ പടക്കോപ്പും തേർകോപ്പും ഉണ്ടാക്കുവാനും അവരെ നിയമിക്കും.
13
അവൻ നിങ്ങളുടെ പുത്രിമാരെ തൈലക്കാരത്തികളും വെപ്പുകാരത്തികളും അപ്പക്കാരത്തികളും ആയിട്ടു എടുക്കും.
14
അവൻ നിങ്ങളുടെ വിശേഷമായ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും എടുത്തു തന്റെ ഭൃത്യന്മാൎക്കു കൊടുക്കും.
15
അവൻ നിങ്ങളുടെ വിളവുകളിലും മുന്തിരിത്തോട്ടങ്ങളിലും ദശാംശം എടുത്തു തന്റെ ഷണ്ഡന്മാൎക്കും ഭൃത്യന്മാൎക്കും കൊടുക്കും.
16
അവൻ നിങ്ങളുടെ ദാസന്മാരെയും ദാസിമാരെയും നിങ്ങളുടെ കോമളയുവാക്കളെയും നിങ്ങളുടെ കഴുതകളെയും പിടിച്ചു തന്റെ വേലെക്കു ആക്കും.
17
അവൻ നിങ്ങളുടെ ആടുകളിൽ പത്തിലൊന്നു എടുക്കും; നിങ്ങൾ അവന്നു ദാസന്മാരായ്തീരും.
18
നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന രാജാവിന്റെ നിമിത്തം നിങ്ങൾ അന്നു നിലവിളിക്കും; എന്നാൽ യഹോവ അന്നു ഉത്തരമരുളുകയില്ല.
19
എന്നാൽ ശമൂവേലിന്റെ വാക്കു കൈക്കൊൾവാൻ ജനത്തിന്നു മനസ്സില്ലാതെ: അല്ല, ഞങ്ങൾക്കു ഒരു രാജാവു വേണം
20
മറ്റു സകലജാതികളെയും പോലെ ഞങ്ങളും ആകേണ്ടതിന്നു ഞങ്ങളുടെ രാജാവു ഞങ്ങളെ ഭരിക്കയും ഞങ്ങൾക്കു നായകനായി പുറപ്പെടുകയും ഞങ്ങളുടെ യുദ്ധങ്ങളെ നടത്തുകയും വേണം എന്നു അവർ പറഞ്ഞു.
21
ശമൂവേൽ ജനത്തിന്റെ വാക്കെല്ലാം കേട്ടു യഹോവയോടു അറിയിച്ചു.
22
യഹോവ ശമൂവേലിനോടു: അവരുടെ വാക്കു കേട്ടു അവൎക്കു ഒരു രാജാവിനെ വാഴിച്ചുകൊടുക്ക എന്നു കല്പിച്ചു. ശമൂവേൽ യിസ്രായേല്യരോടു: നിങ്ങൾ ഓരോരുത്തൻ താന്താന്റെ പട്ടണത്തിലേക്കു പൊയ്ക്കൊൾവിൻ എന്നു പറഞ്ഞു.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books